Tuesday, 20 October 2015

എന്ന് നിൻറെ മൊയ്തീൻ








എന്ന് നിൻറെ മൊയ്തീൻ

ഇടമുറിയാതെ പെയ്ത ഇടവപ്പാതി മഴയില്‍ ഇരുവഴിഞ്ഞിപ്പുഴ മൊയ്തീനെ തന്നിലേക്കെടുത്തു. അനശ്വര പ്രണയത്തിന്റെയും സഹനത്തിന്റെയും  നിത്യസ്മാരകമായി കാഞ്ചനമാല ഇന്നും ജീവിക്കുന്നു. മലയാളി കേട്ടറിഞ്ഞ ഏറ്റവും തീവ്രതയുള്ള പ്രണയാനുഭവങ്ങളിലൊന്നാണ് മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം. ഐ വി ശശി മുതല്‍ രഞ്ജിത് വരെ മൊയ്തീന്‍-കാഞ്ചനമാലാ പ്രണയം ചലച്ചിത്രമാക്കാന്‍ ആഗ്രഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഒടുവില്‍ ആര്‍ എസ് വിമല്‍ എന്ന നവാഗത സംവിധായകനാണ് ഈ അനശ്വര പ്രണയത്തിന് തിരഭാഷ്യമൊരുക്കാന്‍  സാധിച്ചത്. ജനകീയ പ്രണയകഥയുടെ ജനപ്രിയതയുള്ള വ്യഖ്യാനമാണ് എന്ന് നിന്റെ മൊയ്തീന്‍. പ്രണയിനിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണിനെ നെഞ്ചോടടുക്കി ജീവിച്ച മൊയ്തീനും, ആ പ്രണയത്തെ മരിക്കാതെ കാത്ത കാഞ്ചനമാലയ്ക്കുമുള്ള ഹൃദയാദരമാണ് ഈ  സിനിമ.

കോഴിക്കോടുള്ള മുക്കം എന്ന ഗ്രാമപ്രദേശത്ത് ജനിച്ച് ജീവിച്ച ബി പി മൊയ്തീനും കാഞ്ചനയും. മുക്കത്തെ സുല്‍ത്താന്‍ എന്ന് വിളിപ്പേരുള്ള ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകനാണ് മൊയ്തീന്‍, ഹിന്ദുപ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയും.കല്‍പ്പിതകഥകളിലെ അമ്പരപ്പിക്കലുകളെ അപ്രസക്തമാക്കുന്ന സംഭവവികാസങ്ങളും പ്രതിബന്ധങ്ങളുമാണ് മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയത്തെ നേരിട്ടത്.

 








 

 

സിനിമയ്ക്ക മുമ്പേ വിമല്‍ സംവിധാനം ചെയ്ത ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിയില്‍ നിന്ന് ജനപ്രിയ സിനിമകളുടെ രൂപഭാവങ്ങളിലേക്ക് മൊയ്തീനെയും കാഞ്ചനയെയും സന്നിവേശിപ്പിച്ചിരിക്കുന്നു. ്തിരമുറിയാതെ പെയ്യുന്ന മഴയ്‌ക്കൊപ്പമുള്ള ഫഌഷ്ബാക്കില്‍ നിന്ന് ഇരുവഴിഞ്ഞിപ്പുഴ കടന്നെത്തുന്ന സിനിമ മൊയ്തീന്റെയും കാഞ്ചനയുടെ പ്രണയത്തില്‍ നിന്ന് കഥ തുടങ്ങുന്നു. ആള്‍ക്കൂട്ടത്തെ കൂടെ നടത്തിയ മൊയ്തീനിനെയും, വര്‍ഗ്ഗവേര്‍തിരിവിനെതിരെ ശബ്ദമുയര്‍ത്തുന്ന കാഞ്ചനയെയും പരിചയപ്പെടുത്തി നാട്ടിലേക്കിറങ്ങുന്ന സിനിമ കഥാപാത്രങ്ങളിലും ആള്‍പ്പെരുപ്പമാകുമ്പോള്‍ എഴുത്തുകാരനും സംവിധായകനും ഒരു പോലെ വെല്ലുവിളി നേരിടുന്നുണ്ട്.

 മഴയുടെ സകല ഭാവങ്ങളെയും സിനിമയുടനീളം സമര്‍ത്ഥമായി സമന്വയിപ്പിച്ചിരിപ്പിക്കുന്നത് കാണാം. പശ്ചാത്തലസംഗീതത്തോളം അനുഭവഭേദ്യമാണ് മൊയ്തീന്റെയും കാഞ്ചനയുടെ പ്രണയത്തിന് മിത്രമായും ശത്രുവായും മാറുന്ന മഴപ്പെയ്ത്ത്. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈന്‍ കൂടിയാണ് ഈ ഘട്ടങ്ങളെ മനോഹരമാക്കിയത്.

മനോഹരമായ പ്രണയചിത്രം എന്ന നിലയില്‍ പുലര്‍ത്തിയ സത്യസന്ധതയ്ക്ക് കയ്യടിയും അഭിനന്ദനവും പ്രതികരണമാകുമ്പോഴും ആകെത്തുകയില്‍ ചെറുവിയോജിപ്പുകളുമുണ്.

 പൃഥ്വിരാജ് സാഹസികനും കൗശലക്കാരനും തന്റേടിയുമായ മൊയ്തീനെ ഉജ്വലമാക്കിയിട്ടുണ്ട്. അതേ സമയം തന്നെ തന്നിലെ സാഹസികനെ പോലും നിസ്സഹയനാക്കുന്ന മൊയ്തീന്റെ പ്രണയജീവിതത്തില്‍ ഭാവങ്ങളുടെ സൂക്ഷ്മസംവേദനത്തില്‍ പൃഥ്വി കയ്യടിപ്പിക്കുന്നുണ്ട്. നോട്ട്ബുക്ക് മുതല്‍ ഒമ്പത് വര്‍ഷമായി മലയാളത്തിലുണ്ടായിരുന്ന പാര്‍വതി എന്ന അഭിനേത്രിയെ ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ബാംഗ്ലൂര്‍ ഡേയ്‌സ്,മരിയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ കരുത്തുറ്റ കഥാപാത്രങ്ങളെ കണ്ണുംപൂട്ടിയേല്‍പ്പിക്കാവുന്ന അഭിനേത്രിയായി പാര്‍വതി കാഞ്ചനമാലയിലൂടെ മാറിയിരിക്കുന്നു.

 മൊയ്തീന്‍-കാഞ്ചനാ പുനസമാഗമം, ലെന ആശുപത്രിയില്‍ ഡോക്ടറോട് മൊയ്തീനെക്കുറിച്ച് പറയുന്ന രംഗവും,കാഞ്ചനയ്‌ക്കൊപ്പമുള്ള ഉമ്മയുടെ മുഹൂര്‍ത്തവുമെല്ലാം മികവിന്റെ ദൃശ്യസാക്ഷ്യങ്ങളാണ്. ചെറിയ മുഹൂര്‍ത്തങ്ങളായിട്ടും തങ്ങളുടെ കഥാപാത്രത്തെ ഭാവഭദ്രമാക്കി അമ്പരപ്പിച്ചു ലെനയും സുധീര്‍ കരമനയും. സായ്കുമാര്‍,ടോവിനോ തോമസ് എന്നിവരുടെ പ്രകടനവും ശ്രദ്ധാര്‍ഹമാണ്. ചെറുസമയങ്ങളിലേക്കെത്തിയ കഥാപാത്രങ്ങളിലും കഥാപാത്രത്തിലേക്ക് ലയിച്ച ഭാവാനുഭവമുണ്ട്. ബാല,സുരഭി,ശിവജി ഗുരുവായൂര്‍,ഇന്ദ്രന്‍,സുബീഷ് സുധി എന്നിവരുടെ പ്രകടനം സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു.

സമാനതകളിലാത്ത പ്രണയാനുഭവങ്ങളരമേഷ് നാരായണന്റെ ഈണത്തില്‍ ചങ്ങമ്പുഴയുടെ ശാരദാംബരം എന്ന കവിത പി ജയചന്ദ്രന്‍ ആലപിച്ചതും കാഴ്ചയിലും കേള്‍വിയും രസാനുഭവമാണ്. പ്രിയമുള്ളവനേ,കണ്ണോണ്ട് ചൊല്ലണു എന്നീ ഗാനങ്ങളും വിദഗ്ധമായി ഉപയോഗിച്ചിട്ടുണ്ട്.

സിനിമയുടെ സമഗ്രസൗന്ദര്യസൃഷ്ടിയില്‍ ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതം കാര്യമായ പങ്കുവഹിച്ചിരിക്കുന്നു. രണ്ടാംപകുതിയില്‍ ഗോപീസുന്ദര്‍ ഈണമിട്ട മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ എന്ന തീംസോംഗ് ഇടവിട്ടെത്തുമ്പോള്‍ സംഭാഷണങ്ങളില്ലാതെയും സംവേദനം സാധ്യമാക്കുന്നുണ്ട്.

ഗൃഹപാഠമില്ലാതെയെത്തുന്ന ഫോര്‍മുലാ പാക്കേജ് സിനിമകളുടെ താല്‍ക്കാലിക വിജയങ്ങള്‍ക്കിടയില്‍ എന്ന് നിന്റെ മൊയ്തീന് തലയുയര്‍ത്തി നില്‍ക്കാം. മനുഷ്യരുടെ മതമതിലുകളെ, പ്രണയത്തെ തന്നെ മതമാക്കി അതിജയിച്ച മൊയ്തീന്‍-കാഞ്ചനാമാല പ്രണയത്തെ തുടര്‍കാലം എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെയും അറിയട്ടെ.....review


 കഥ



അഞ്ചുപതിറ്റാണ്ട്‌ മുമ്പ്‌ കോഴിക്കോടിനടുത്തുള്ള മുക്കം ഗ്രാമം. അവിടെയൊരു പ്രണയകഥ . ഇരിങ്ങാംപറ്റ ബി പി ഉണ്ണിമോയീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീനും കൊറ്റങ്ങല്‍ തറവാട്ടിലെ അച്യുതന്റെ മകള്‍ കാഞ്ചനയും തമ്മിലുള്ള പ്രണയം.

 പ്രണയം തന്നെ പാപമായി കണ്ടിരുന്ന ആ കാലത്ത്‌ വ്യത്യസ്‌ത മതക്കാരായ രണ്ടുപേരുടെ ഇഷ്ടം ആശിര്‍വദിക്കാന്‍ ആരും തയ്യാറായിരുന്നില്ല. സമൂഹത്തില്‍ വിലയും നിലയുമുള്ള കുടുംബങ്ങള്‍. പരമ്പരാഗതമായി ജന്മികളായിരുന്നു കൊറ്റങ്ങല്‍ കുടുംബം. കൊറ്റങ്ങല്‍ അച്യുതന്‍ സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവര്‍ത്തകനുമായിരുന്നു. പന്ത്രണ്ടു മക്കള്‍. ആറാണും ആറു പെണ്ണും. ആറാമത്തെ മകളാണ്‌ കാഞ്ചന. സുന്ദരി, പഠിക്കാന്‍ മിടുക്കി.

സമ്പന്നനും പൊതുപ്രവര്‍ത്തകനുമായിരുന്ന ഉള്ളാട്ടില്‍ ഉണ്ണിമൊയ്‌തീന്‍ സാഹിബ്‌ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട്‌. മകന്‍ മൊയ്‌തീന്‍. ഇരു തറവാടുകളും തമ്മില്‍ തലമുറകളായി സൗഹൃദം നിലനിന്നു. കാഞ്ചനയും മൊയ്‌തീനും പഠിച്ചത്‌ മണാശേരി എല്‍ പി സ്‌കൂളിലാണ്‌. കാഞ്ചന പഠിക്കാന്‍ മിടുക്കി; മൊയ്‌തീന്‍ തിരിച്ചും. എന്നാല്‍ ക്ലാസിന്‌ പുറത്തെ എല്ലാ കാര്യത്തിലും മൊയ്‌തീന്റെ സാന്നിധ്യം ഉണ്ടാകും. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഇരുവരും കോഴിക്കോട്ടെത്തി.

ഒരു ദിവസം കോഴിക്കോട്ടേക്കുള്ള അവരുടെ പതിവ്‌ യാത്ര. പ്രൈവറ്റ്‌ ബസിന്റെ റിയല്‍ വ്യൂ മിററില്‍ രണ്ടു വെള്ളാരംകണ്ണുകള്‍ കാഞ്ചനയുടെ കണ്ണില്‍പ്പെട്ടു. ആ കണ്ണുകളെ കാഞ്ചനയ്‌ക്ക്‌ വല്ലാതെ ഇഷ്ടമായി. പിന്നീടാണ്‌ ആ മുഖം തെളിഞ്ഞുകണ്ടത്‌. ആ കണ്ണുകളുടെ ഉടമ മൊയ്‌തീനായിരുന്നു.

 കുറച്ച്‌ ദിവസത്തിനുള്ളില്‍ കോളജ്‌ വിലാസത്തില്‍ കാഞ്ചനയ്‌ക്ക്‌ ഒരു പാര്‍സല്‍ വന്നു. ചങ്ങമ്പുഴ കവിതകള്‍. മൊയ്‌തീനായിരുന്നു അത്‌ അയച്ചത്‌. രണ്ടു മനസ്സുകള്‍ അടുക്കുകയായിരുന്നു. കുറേ പ്രണയലേഖനങ്ങള്‍. വല്ലപ്പോഴും കൈമാറുന്ന ഒരു ചിരി. പുറമേ ഇത്രമാത്രം. പക്ഷേ രണ്ടു ഹൃദയങ്ങള്‍ ഉരുകി ഒന്നാകുകയായിരുന്നു.

പെട്ടെന്ന്‌ ഒരു ദിവസം എല്ലാം അവസാനിച്ചു. പ്രണയം വീട്ടുകാര്‍ കണ്ടുപിടിച്ചു. രണ്ടു വീടുകളിലും കൊടുങ്കാറ്റടിച്ചു. തന്റെ സുഹൃത്തായ കൊറ്റങ്ങല്‍ അച്യുതനെ അപമാനിച്ചതിന്‌ പരസ്യമായി മാപ്പുപറയാന്‍ ബാപ്പ മൊയ്‌തീനോട്‌ ആജ്ഞാപിച്ചു. അതിന്‌ വഴങ്ങുന്നില്ലെന്ന്‌ കണ്ടപ്പോള്‍ പരസ്യമായി തോക്കെടുത്തു. കാഞ്ചനയക്കുവേണ്ടി മരിക്കാന്‍ തയ്യാറാണെന്ന്‌ പറഞ്ഞ്‌ മൊയ്‌തീന്‍ നെഞ്ചുവിരിച്ചുനിന്നു. ആ ധൈര്യത്തിന്‌ മുമ്പില്‍ ഉണ്ണിമൊയ്‌തീന്‍ സാഹിബ്‌ വിറച്ചു. ഉമ്മ നിസഹായതയോടെ നിലവിളിച്ചു. മൊയ്‌തീനെ ബാപ്പ വീട്ടില്‍ നിന്ന്‌ പുറത്താക്കി.                  

ഉള്ളാട്ടില്‍ വീട്‌ അസ്വസ്ഥമായി. കൊറ്റങ്ങല്‍ വീട്ടിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. കാഞ്ചന വീട്ടുതടങ്കലിലായി. വിദ്യാഭ്യാസം നിലച്ചു. മൊയ്‌തീനെ മറക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. പക്ഷെ, കാഞ്ചന ഉറച്ചുനിന്നു. ഈ ജന്മം ഇനിയൊരു ജീവിതമുണ്ടെങ്കില്‍ അത്‌ മൊയ്‌തീനോടൊത്തുമാത്രം.

പുറത്ത്‌ കൊടുങ്കാറ്റ്‌ അടിക്കുമ്പോഴും കാഞ്ചനയും മൊയ്‌തീനും പ്രതീക്ഷകള്‍ കൈവിട്ടില്ല. വീട്ടില്‍ നിന്ന്‌ പുറത്തായ മൊയ്‌തീന്‍ അമ്മാവന്റെ വീട്ടില്‍ താമസമാക്കി. പല ദുരനുഭവങ്ങളും ഉണ്ടായി. വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ഇതിനിടയില്‍ മൊയ്‌തീന്റെ ഉമ്മ പാത്തുമ്മയെ ബാപ്പ ഉപേക്ഷിച്ചു. അയാള്‍ മറ്റൊരു കല്ല്യാണം കഴിച്ചു. അതോടെ മൊയ്‌തീനും ഉമ്മയും മറ്റൊരു വീട്ടിലേക്ക്‌ താമസം മാറ്റി. മൊയ്‌തീന്‍ ആ വീടിന്‌ ഭാര്‍ഗവീ നിലയം എന്ന്‌ പേരിട്ടു. കാലം പിന്നെയും കടന്നുപോയി. കാഞ്ചന വീട്ടുതടങ്കലില്‍ തന്നെ. അവര്‍ വിധവകളെ പോലെ വെള്ളവസ്‌ത്രം ധരിച്ചു. വീടിന്‌ പുറത്തിറങ്ങാനോ വിശേഷങ്ങള്‍ അറിയാനോ കഴിഞ്ഞില്ല. ഒരു ദിവസം മൊയ്‌തീന്‍ വരും കൊണ്ടുപോകുമെന്ന പ്രതീക്ഷ മാത്രമായിരുന്നു കാഞ്ചനയ്‌ക്ക്‌.

അപവാദങ്ങളുടെ കൊടുങ്കാറ്റ്‌ പിന്നെയും വീശി. അപ്പോഴൊക്കെ കാഞ്ചന പിടിച്ചുനിന്നു. മൊയ്‌തീനെ കാത്തിരുന്നു. കാഞ്ചനയെ കാത്ത്‌ മൊയ്‌തീനും. മുപ്പതു വര്‍ഷങ്ങള്‍ അവര്‍ക്കിടയിലൂടെ മലവെള്ളം പോലെ ഒലിച്ചുപോയി. ആദ്യത്തെ പത്തുവര്‍ഷം ഇവര്‍ക്ക്‌ തമ്മില്‍ കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. വല്ലപ്പോഴും കൈമാറുന്ന ഒരു കത്ത്‌, അതുമാത്രമായിരുന്നു ആ പ്രണയത്തെ നിലനിര്‍ത്തിയത്‌. വീട്ടുതടങ്കലില്‍ നിന്ന്‌ ഒളിച്ചോടാന്‍ പലവട്ടം അവര്‍ തീരുമാനിച്ചു. അപ്പോഴൊക്കേ ഓരോരോ തടസ്സങ്ങള്‍. താന്‍ കാരണം സഹോദരിമാര്‍ക്ക്‌ പേരുദോഷം ഉണ്ടാകരുതെന്ന്‌ കരുതി അവരുടെ കല്ല്യാണം കഴിയുന്നതു വരെ കാത്തിരുന്നു കാഞ്ചന. അതു കഴിഞ്ഞ്‌ ഒരു ദിവസം തീരുമാനിക്കുമ്പോള്‍ മൂത്ത സഹോദരന്റെ മരണം. രണ്ടാമത്തെ ശ്രമത്തിന്‌ അച്ഛന്റെ വിയോഗം. മൂന്നാമത്തെ തവണ ഒരു സഹോദരിയെ ആശുപത്രിയിലാക്കി. പിന്നെ ഉണ്ണിമോയീന്‍ സാഹിബിന്റെ മരണം. സംഭവങ്ങള്‍ നാടകീയമായിരുന്നു.               

              പിന്നെ ഏതെങ്കിലും ഒരു യാത്രയ്‌ക്കിടയില്‍ ബസ്‌ സ്റ്റാന്റിലോ വഴിയരികിലോ വെച്ച്‌ ഒരു ചെറു കൂടിക്കാഴ്‌ച. അതും മൂന്നും നാലും കാവല്‍ക്കാരുടെ ഇടയില്‍. കൈമാറുന്നത്‌ ഒന്നോ രണ്ടോ വാക്കുകള്‍.  ഒരിക്കല്‍ പുഴകടക്കാന്‍ ഒരുമിച്ചൊരു തോണിയാത്ര. പുഴ കടന്ന സമയത്തിനുള്ളില്‍ സംസാരിച്ചു. കാഞ്ചന നടന്നുപോയി. മൊയ്‌തീന്‍ അതുനോക്കി നിന്നു. കാഞ്ചന തിരിഞ്ഞുനോക്കുമ്പോള്‍ മൊയ്‌തീന്‍ തറയില്‍ നിന്ന്‌ എന്തോ വാരിയെടുക്കുന്നു. വളരെ നാള്‍ കഴിഞ്ഞു ഒരുദിവസം കാഞ്ചന ചോദിച്ചു. എന്തായിരുന്നു അന്ന്‌ വാരിയെടുത്തത്‌? നിന്റെ കാല്‌പാടു പതിഞ്ഞമണ്ണ്‌!

ഇക്കാലത്തിനിടയില്‍ മൊയ്‌തീന്‍ കോഴിക്കോട്ടെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. സാധാരണക്കാര്‍ക്ക്‌ എപ്പോഴും എന്തു സങ്കടവും മൊയ്‌തീന്റെ മുമ്പില്‍ പറയാമായിരുന്നു. അപ്പോഴും മൊയ്‌തീന്റെ ഉള്ളില്‍ കാഞ്ചനയോടുള്ള പ്രണയം ഒരു വിങ്ങലായി നിറഞ്ഞുനിന്നു.

ഒരു ദിവസം രാവിലെ കാഞ്ചന എടവണ്ണപ്പാറയിലെ ഒരു ബന്ധുവീട്ടിലേക്ക്‌ പോകുകയായിരുന്നു. മുക്കത്ത്‌ വെച്ച്‌ മൊയ്‌തീന്‌ ഒരു കത്ത്‌ പോസ്റ്റ്‌ ചെയ്‌തു. എടവണ്ണപ്പാറയില്‍ നിന്ന്‌ വൈകുന്നേരം മുക്കത്തേക്ക്‌ ബസ്സിലിരിക്കുമ്പോഴാണ്‌ അറിയുന്നത്‌ ഇരവഴിഞ്ഞിപ്പുഴയില്‍ തോണി മറിഞ്ഞു മൊയ്‌തീനെ കാണാനില്ലെന്ന്‌.

തോണി മറിഞ്ഞപ്പോള്‍ യാത്രക്കാരെല്ലാം ഒഴുക്കില്‍പ്പെട്ടപ്പോള്‍ അവരെ രക്ഷിക്കാന്‍ മൊയ്‌തീന്‍ എടുത്തുചാടി. രണ്ടുപേരെ ഒരുവിധം കരയിലെത്തിച്ചു. വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയപ്പോളാണ്‌ മൊയ്‌തീന്‍ നിലയില്ലാ കയത്തിലേക്ക്‌ താണു പോയത്‌. മൊയ്‌തീന്‍ ഇല്ലാത്ത ലോകം തനിക്കുവേണ്ടെന്ന്‌ കാഞ്ചന തീരുമാനിച്ചു. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ നോക്കി. നടന്നില്ല. ഏഴു ദിവസത്തിനുള്ളില്‍ ഇരുപതു പ്രാവശ്യം ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു പരാജയപ്പെട്ടു. ഏഴാം ദിവസം ആശുപത്രിയിലായി. അവിടെ മൊയ്‌തീന്റെ ഉമ്മ വന്നു പറഞ്ഞു. ഇന്ന്‌ മുതല്‍ നീയെനിക്ക്‌ മൊയ്‌തീനാണ്‌. അന്നു കാഞ്ചന തീരുമാനിച്ചു. ഇനി ആത്മഹത്യ ചെയ്യില്ല. മൊയ്‌തീന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജീവിക്കും.

മൊയ്‌തീന്റെ വഴിയേ സാമൂഹ്യ നന്മയ്‌ക്ക്‌ പ്രവര്‍ത്തിക്കാനായിരുന്നു കാഞ്ചനയുടെ തീരുമാനം.

മൊയ്‌തീന്‍ സ്ഥാപിച്ച മോചന വിമന്‍സ്‌ ക്ലബ്ബിലൂടെയായിരുന്നു തുടക്കം. പിന്നീട്‌ മുക്കത്ത്‌ ബി പി മൊയ്‌തീന്‍ സേവാ മന്ദിറിന്‌ തുടക്കമിട്ടു. സ്‌ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മന്ദിരത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. ലൈബ്രറി, നേതാജി അന്ത്യോദയകേന്ദ്രം, ചില്‍ഡ്രന്‍സ്‌ ക്ലബ്ബ്‌, സ്‌ത്രീരക്ഷാ കേന്ദ്രം, ഫാമിലി കൗണ്‍സിലിങ്‌ സെന്റര്‍ തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒരുദിവസം മൊയ്‌തീന്റെ ഉമ്മ പറഞ്ഞു. മോളിങ്‌ പോരേ.......എന്റെ മരിച്ചുപോയ മൊയ്‌തീന്റെ ഭാര്യയായ്‌. പാത്തുമ്മ കാഞ്ചനയെ മധുരം നല്‍കി സ്വീകരിച്ചു. പാത്തുമ്മയുടെ മരണം വരെ ആ അമ്മയും മകളും ഒരുമിച്ചുണ്ടായിരുന്നു. മൊയ്‌തീന്റെ വീട്ടിലെത്തിയ കാഞ്ചനയ്‌ക്ക്‌ പാത്തുമ്മ കൊടുത്ത സമ്മാനം ഒരു പുസ്‌തക ശാലയായിരുന്നു. മൊയ്‌തീന്റെ കയ്യൊപ്പുള്ള പുസ്‌തകങ്ങള്‍. പ്രണയസ്‌മാരകം പോലെ മൊയ്‌തീന്‍ കാത്തുവെച്ച കത്തുകള്‍. പ്രണയത്തിന്റെ നോവറിഞ്ഞ കൗമാരത്തിന്റെ ശേഷിപ്പുകള്‍ കാഞ്ചന ഇന്നും സൂക്ഷിക്കുന്നു. മൊയ്‌തീന്‍ കൈമാറിയ കത്തുകള്‍. നൂറു പേജുള്ള പുസ്‌തകം നിറയെ കോഡുഭാഷയിലാണ്‌ എഴുത്ത്‌.

അവര്‍ രണ്ടുപേര്‍ക്കല്ലാതെ ലോകത്ത്‌ മറ്റാര്‍ക്കും ആ ഭാഷ വായിക്കാന്‍ കഴിയുമായിരുന്നില്ല. തമ്മില്‍ കാണാതെ വര്‍ഷങ്ങളാണ്‌ ഇവര്‍ക്കു കഴിച്ചുകൂട്ടേണ്ടി വന്നത്‌. അപ്പോഴൊക്കെ പരസ്‌പരം മനസ്സ്‌ കൈമാറിയിരുന്നത്‌ ഈ കത്തുകളിലൂടെയായിരുന്നു. ഓരോ ദിവസത്തേയും വിശേഷങ്ങള്‍, മനസ്സിനെ ഉലച്ച സംഭവങ്ങള്‍, നേരിട്ട ദുരനുഭവങ്ങള്‍, ബന്ധുക്കളുടെ കുത്തിനോവിക്കല്‍, ഇടയ്‌ക്ക്‌ എപ്പോഴെങ്കിലും ഒരു ചിരി.......എഴുതാന്‍ ഒരുപാട്‌ വിഷയങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. നോട്ടുപുസ്‌തകത്തിനുള്ളില്‍ ഒളിച്ചുവെച്ച റോസാപുഷ്‌പങ്ങള്‍. അല്ലെങ്കില്‍ മയില്‍പ്പീലിത്തുണ്ട്‌. ചുവന്ന മഷികൊണ്ട്‌ എഴുതിയ ഒരു നോട്ടുപുസ്‌തകത്തിനുള്ളില്‍ വാടിക്കരിഞ്ഞ റോസാപ്പൂക്കള്‍. ഒരു പൂങ്കുലയില്‍ രണ്ടെണ്ണം. നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മൊയ്‌തീന്‍ തന്ന റോസാപുഷ്‌പങ്ങളാണിത്‌. കാഞ്ചന ആ നോട്ടുപുസ്‌തകം കണ്ണോട്‌ ചേര്‍ത്തു. എത്ര അക്ഷരങ്ങള്‍ നനഞ്ഞിട്ടുണ്ടാവും ആ കണ്ണീരില്‍?

മൊയ്തീന്റെ ഉമ്മ എ.എം. ഫാത്തിമ വന്നാണ് ആത്മഹത്യയ്‌ക്കൊരുങ്ങിയ കാഞ്ചനമാലയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. മൊയ്തീന്റെ പേരില്‍ സേവാമന്ദിരവും അതിന്റെ കീഴില്‍ സാമൂഹിക പ്രവര്‍ത്തനവുമായി അവര്‍ ജീവിക്കുന്നു. ചില്ലിട്ടുവെച്ച മൊയ്തീന്റെ ഛായാചിത്രത്തിനു കീഴെ ഏകാകിനിയായി, ഇന്നോളം ഒരു പെണ്ണും കടന്നുപോയിട്ടില്ലാത്ത പ്രണയവഴിത്താരയില്‍ തീര്‍ത്തും ഏകാന്തപഥികയായി. മൊയ്തീന്റെ മരണത്തിനു പിന്നാലെ സ്വന്തം ജീവനൊടുക്കാന്‍ അവര്‍ നടത്തിയ ശ്രമം വിജയിച്ചിരുന്നുവെങ്കില്‍ മൊയ്തീനും കാഞ്ചനയും വെറുമൊരു പൈങ്കിളിക്കഥയിലെ നായികാനായകന്‍മാരായി എന്നോ വിസ്മൃതിയില്‍ മറഞ്ഞുപോയേനെ.

ഇപ്പോള്‍ മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള അനശ്വരപ്രണയം പലപ്പോഴായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. എത്ര എഴുതിയാലും ആ പ്രണയകഥയുടെ തീവ്രത നമുക്ക് അനുഭവിക്കാന്‍ കഴിയില്ല. കല്‍പ്പനകളെ വെല്ലുന്ന യാഥാര്‍ഥ്യമാണ് ഈ ജീവിതം.



No comments:

Post a Comment